Thursday, August 21, 2014

മേഴ്സി

ഈശ്വനെകൈ വരുതിയിലാക്കാന്‍
വൈദീക കുപ്പായം 
തിരഞ്ഞെടുത്തവള്‍ മേഴ്സി
ഒടുവില്‍ ഈശ്വരന്‍ പാവപെട്ടവര്‍ക്കൊപ്പ
മാണെന്ന് കണ്ടെത്തിയവള്‍
ആഡംബരങ്ങള്‍ കുടഞ്ഞെറിഞ്ഞു
ഇരുട്ടിലൊരു പെരുമഴയില്‍
പാവങ്ങളിലേക്കിറങ്ങി പോയവള്‍
അവള്‍ മേഴ്സി ..
മേഴ്സി എന്നാല്‍ ദയ
അവള്‍ ദയ ബായ്
കഷ്ട പാടില്‍ജീവിതത്തെ
പോരാട്ട വീര്യത്താല്‍ ജ്വലിപ്പിച്ചവള്‍
വര്‍ഷങ്ങള്‍ കഴിഞ്ഞത് പോലും
അവരറിഞ്ഞില്ല
പോരാട്ടത്തിന്‍റെയും ,സഹനത്തിന്റെയും
ദയയുടെയും നാമമവര്‍ കടമെടുത്തു
അറിവിനായുള്ള അലച്ചിലില്‍
ഒരു പെണ്നുടല്‍ ഭാരമായെന്നറിവിലും
കടതിണ്ണകളില്‍ അന്തിയുറങ്ങി
ബാറൂണില്‍ കൃഷിചെയ്തു
ചുഷണ വര്‍ഗ്ഗങ്ങക്കൊപ്പം തോള്‍ചേര്‍ന്ന് നിന്നു
മനുഷ്യനായി നിന്നു.
മതത്തിന്‍റെ വേര്‍തിരിവില്ലാതെ
പ്രകൃതിയോടുള്ള ആദരവ്
തെരുവ് നാടകത്തിലൂടെ ..
ഗോണ്ടുകള്‍ക്കള്‍ക്ക്‌ പ്കര്‍ന്നെകിയവള്‍
അവള്‍ മേഴ്സി ......
ദയയുടെ പര്യായം
പെണ്കരുത്തിന്റെ ശക്തി

നെരൂദ

എന്‍റെ പ്രണയത്തില്‍
അവനാദ്യം ചൊല്ലിയ 
വരികള്‍ നെരൂദയുടെ
കവിതയിലെതായിരുന്നു
''പ്രേമിച്ചു ഞാനവളെ ,ചിലപ്പോളവള്‍
പ്രേമിച്ചുവെന്നെയും''
ഈ വരികളില്‍ ഞാന്‍ അവനില്‍
പ്രണയം തിരഞ്ഞു
ആ ചിലപ്പോളവള്‍ എന്ന വരി
എന്നെ ആശങ്ക പെടുത്തിയിരുന്നു
അവന്റെ വരികളില്‍
ആ പ്രണയത്തില്‍ അവന്
വിശ്വാസമുണ്ടായിരുന്നു
എന്നാല്‍ എന്നിലെ പ്രണയിനിയെ
അവനൊരിക്കലും
വിശ്വസിക്കാത്ത പോലെ ..
ഇപ്പോള്‍ സത്യമായ ആ വരികള്‍
ഞാന്‍ വീണ്ടുമെഴുതുന്നു
...
നെരൂദാ ......ആ വരികളില്‍
സത്യമുണ്ട് ....

Wednesday, August 20, 2014

മടക്കം

ഇനി മടങ്ങി പോകാം
ജീവിതത്തിലെ വര്‍ണ്ണങ്ങള്‍ മറന്ന്
കണ്ടു തീര്‍ന്ന സ്വപ്നങ്ങളെ തഴഞ്ഞു
ഇനി മടങ്ങി പോകാം
ആരും പിന്‍ വിളി വിളിക്കില്ല
ആരും കൂട്ട് വരില്ല ,
ഭയപ്പാടില്ലാതെഇനി മടങ്ങാം
ഒരു ശബ്ദവും ഇനി അലോസര പെടുത്തില്ല
ഒരാളും പരിഹസിക്കില്ല
ഒരിക്കലും തടയില്ല
ഇനി മടങ്ങി പോകാം

പനി

അടര്‍ന്നു വീണൊരു കുളിരുമായി
എന്നെ കാണാന്‍ എത്തിയതാണവന്‍
ചടഞ്ഞുകൂടി പുതപ്പിനുള്ളില്‍ 
എനിക്ക് കൂട്ട് കിടന്നവന്‍ .
കുളിര്‍ന്ന മേനിക്കു ചൂട്പകര്‍ന്നവന്‍
എന്നിട്ടും എന്തെ ഞാനവനെ വെറുത്തു

ആകാശം

അതങ്ങ് ദൂരെയല്ലേ
പിടിക്കാന്‍ ആഞ്ഞാലോന്നും 
കിട്ടാത്ത അത്രേം ദൂരത്ത്
അവിടെ നക്ഷത്രങ്ങളുണ്ട്
അബിളി മാമാനുണ്ട്
ഈ മൊഴികള്‍ എത്ര നിഷ് കളങ്കമാണ്
വിരലില്‍ എണ്ണി തിട്ട പെടുത്തുന്ന
മോഹങ്ങളുമായി ഒരു കുഞ്ഞ്മാലാഖ
അവളിലെ കണ്ണില്‍ ആകാശത്തിലെ
നക്ഷത്രങ്ങള്‍ കത്തി നിന്നിരുന്നു
ചിറകു വിടര്‍ത്താന്‍ തുടങ്ങുന്നൊരു
കുഞ്ഞു ശലഭം
എന്നിട്ടും പിറ്റേ ദിവസം അവളെങ്ങിനെ
പിച്ചി ചീന്ത പെട്ടു?
ഇന്നലത്തെ വാര്‍ത്താ മാധ്യമങ്ങളില്‍
അവള്‍ നക്ഷത്രങ്ങളെ നോക്കി
ചിരിച്ചിരിക്കുന്നുണ്ട് 

തോല്‍വി

ആരാണ് തോല്‍വി സമ്മതിച്ചത് 
എന്നിലെ വാക്കുകളോ
എന്നെ തനിച്ചാക്കിയ നിമിഷങ്ങളോ
എന്‍റെ സ്നേഹത്തില്‍ നിന്നും
അടര്‍ന്നു പോയവരോ
അതോ അടര്‍ത്തി മാറ്റിയവരോ
ഉപേക്ഷിക്കുവാന്‍ ഒരുക്കം കൂട്ടിയ
ചില നൊബരങ്ങള്‍
ചിലപ്പോള്‍ തോല്‍വി സമ്മതിച്ചിട്ടുണ്ട്
കരിപുരണ്ട ചില ഭൂതകാലം
ഓര്‍മ്മകളില്‍ നിന്നെഴുനേറ്റുവന്നു
തോല്‍വി സമ്മതിച്ചിട്ടുണ്ട്
ജീവിതവും മരണത്തിനു മുന്നില്‍
ഒരു തോല്‍വി ആണ് ....
തോല്‍വി സമ്മതിച്ചേ ആവൂ

പേറ്റു നോവ്‌

വെറും തറയിലെ പഴമ്പായില്‍
ഒന്നു നിലവിളിക്കാനായി കൊതിച്ച്
അവള്‍ കിടന്നു 
പാദംതൊട്ട് ശിരസ്സുവരെ
ആയിരം കടന്നെല്ലുകളുടെ
കടച്ചിലോടെയുള്ള ആക്രമണം .
അടക്കാനാവാത്തൊരു കരച്ചിലിനെ
പതിച്ചിയുടെ കൈകള്‍ കൊന്നു കളഞ്ഞു .
ഉയിരിലേക്ക് ആഞ്ഞടിക്കുന്ന കൊടുംകാറ്റില്‍
ഉലയുന്ന മേനിയില്‍
വലിഞ്ഞു മുറുകുന്ന സിരകള്‍ .
അമര്‍ത്തി ഒതുക്കിയ ഞരക്കങ്ങള്‍
മേനിയെ തളര്‍ത്തിയപ്പോള്‍
പിറവിയുടെ കതക്‌
തള്ളി തുറന്നൊരു ജീവന്‍
പുറത്തേക്ക് വന്നു ..
ഒരുകിതപ്പിനവസാനം .....
ഒരിളം കരച്ചില്‍

താലി

ജ്വലിക്കുന്ന അഗ്നി ശുദ്ധിയില്‍ നിന്നും
ഉയിര്‍ കൊണ്ടവള്‍
ചിലപ്പോള്‍ പരിഭ്രമം കൊണ്ടത്‌ 
തിളങ്ങാതെ കിടക്കും
ചിലരെയത് പൊള്ളി നോവിക്കും
ചിലനേരങ്ങളില്‍ അടയാളം മാത്രമാവും
കിടപ്പറയില്‍ കടമയുടെ വിലാസം
ചിലപ്പോള്‍ നേരിന്‍റെ വിസ്‌മയം
സീമന്തരേഖയിലെ സിന്ധൂരത്തിന്
ഒരവകാശി
ഗര്‍ഭാപാത്രത്തിനൊരു സല്‍പേര്,
മാതൃതത്വത്തിനു അഭിമാനം .
പരിണയത്തിന്റെ നേര്‍ സാക്ഷി
എങ്കിലും പെണ്ണിന്‍റെഏതുനോവിലും
ഉരുകാതെ പോയൊരു ലോഹ മാണത്

ചില ഇഷ്ടങ്ങള്‍

പൂമുഖത്തെ നിഴലാണ് ഇഷ്ടം 
ചാര്കസേരയുടെ ഈര്‍പ്പമണം ശ്വസിച്ച്
ഒരു ചൂട് ചായ ഊതികുടിച്ച്
ഇടവഴിയിലേക്ക് നോക്കി കിടക്കും
മുറ്റത്തൊരു പാരിജാതമുണ്ട്
അതിലൊത്തിരി കൂരിയാറ്റ്കിളികളും
ഇടക്ക് കാലില്‍ വന്നുരസിപോകുന്ന
ഒരു കുറിഞ്ഞി പൂച്ചയുണ്ട്‌
ഇറയത്തൊരു തുളസി തറയുണ്ട്
ഈ ഇഷ്ടങ്ങള്‍ക്ക് കൂട്ടായി
അടുക്കളയില്‍ നിന്നൊരു മണം
ഒഴുകി പൂമുഖത്ത് വരും
അതാണ്‌ ഓര്‍മ്മകളിലെ ചില ഇഷ്ടങ്ങള്‍
ഉറുബുകള്‍ആഘോഷത്തോടെ
ഒരരിമണി നെറുകില്‍ വെച്ച്
ചുവരോരത്തു കൂടി സംഘം ചേര്‍ന്ന്
എന്‍റെ ഇഷ്ടങ്ങളിലേക്ക് കടന്നു വരും
വലുപോക്കിപിടിച്ച് ആരെയൊക്കെയോ
വഴക്ക് പറയുന്നൊരു വണ്ണാത്തികിളി
ദ്രുതിയോടെതെക്കൊട്ടെക്ക്പായുന്നകാറ്റ് ..
കൈവിടാതെ കൊണ്ട് നടക്കുന്ന
എന്‍റെ ഓര്‍മകളിലെ ചില ഇഷ്ടങ്ങള്‍

രാവ്

ചിലപ്പോഴൊക്കെ രാവ്
ഒരു ദുര്മന്ത്രവാദിനിയാവുന്നു .
നിശാ ശലഭങ്ങളുടെ രാവ് 
രതിയുടെ രുചി യറിഞ്ഞ്
കിതപ്പുകള്‍ അടങ്ങാത്ത
ഇരുട്ടിന്‍റെ രാജ്ക്നി ..
കറുത്ത കുതിരകള്‍
അവളുടെ കിങ്കരന്‍ മാരായിരുന്നു
അവയുടെ കുളബിനടിയില്‍
കുറെ പെണ്ശലഭങ്ങള്‍
ചിറകറ്റു വീണു ..
ആളിപടരുന്ന ചുടലകളില്‍
രാത്രി ആര്‍ത്തട്ടഹസിക്കുന്നുണ്ട്
ചില ശിരസ്സുകള്‍ അറ്റ് വീഴുന്നുണ്ട്‌
പെണ്ണുടലുകളില്‍ ഉടക്കി വീഴുന്ന
ചാര നേത്രങ്ങളില്‍ ,
വിഷജ്വാലകള്‍ എരിയിച്ച്‌
രതിയുടെ നാവാല്‍ചുറ്റിപിടിച്ചു
ഉന്മൂലനം ചെയ്യുന്ന മന്ത്ര വാദിനിയാണ് നീ 

മൂകത

വാരിയോതുക്കി പിടിച്ചൊരു
മൌനമാണെന്റെ ജീവിതം 
പ്രണയത്തിനും പോലും
വാത്മീകമോരുക്കി
ഒരു സാന്ത്വനത്തിന് പോലും
കടന്നു വരാനാകാത്ത വിധം
ഇഴഅടുപ്പിച്ചു നേയ്തൊരു വല
ഉള്ളില്‍ കൊണ്ട് നടന്നവള്‍ ,
ജീവിതത്തോടു കലഹിച്ചവള്‍
മോഹത്തെ പിഴുതെറിഞ്ഞവള്‍
കണ്ണീരിരിനെ ചുറ്റി പുണര്‍ന്നു കിടന്നവള്‍
സ്നേഹമെന്ന വാക്കിനെ
ഹൃദയത്തിലിട്ടു ച്ചുട്ടെരിയിച്ചവള്‍
അവള്‍
അവള്‍ സ്നേഹത്തില്‍ നിന്നും
നിഷ്കാസിത യായവള്‍...
മൌനം അതാണവളുടെ പേര്

പടിയിറക്കം

പെട്ടെന്നൊരു ഒരോര്‍മ്മകാറ്റ്
ദിക്ക്തെറ്റിയി ട്ടെന്നോണം -
തൊട്ടുരുമി കൊണ്ടെന്നിലെ
ഓരോ താളും മറിക്കുന്നു.
ദുഖം തൊട്ടു ഞാനെഴുതി ചേര്‍ത്തൊരു
വരഹത്തിന്‍ കഥ വായിച്ചു
പടിയിറങ്ങി പോയൊരു പ്രണയം
പെട്ടെന്നെത്തി നോക്കുന്നു .
ഇനിയൊരു മധുരം ചേര്‍ത്തു വിളബാന്‍.
ഈ പ്രണയത്തിനു വാക്കില്ല
പടിയിറങ്ങുക കാറ്റേ .
പടിയിറങ്ങുക വേഗം .

ക്രീക്ക് [ദുബായ് ]

ജലപാതകള്‍
വിഭജിച്ചു മാറ്റിയ 
രണ്ടു കരയുണ്ടവിടെ
നഗരത്തെ രണ്ടായ്
കീറി മുറിച്ചപോലെ
നീര്‍ചാല്കീറി പിളര്‍ത്തി
കൊണ്ടപ്പുറത്തിപ്പുറo
വിനോദങ്ങള്‍ ഒത്തിരി ചേര്‍ത്തു വെച്ചു
സഞ്ചരിചീടുവാന്‍
തടിവഞ്ചിയും
സല്ലപിച്ചീടുവാന്‍ പാര്‍കുകളും
ദീപങ്ങള്‍ ശോഭിക്കും
കെട്ടിട കൂട്ടവും
മേല്‍ക്കുമേല്‍ കൂടിടും
ജന തിരക്കും ....

മഴയോട്

ഇനിയൊരു മഴതന്നു
നിറഞ്ഞും ,കവിഞ്ഞും 
പ്രണയം നിറക്കുന്ന
കവിതയായി നീ ..
മിഴികളില്‍ ചുഴിയായി
തിരതല്ലും നനവിന്റെ
നിനവിലെക്കറിയാതെ..
ഒഴുകുന്നു ഞാന്‍ .....
ഒഴുകുമോരോളത്തില്‍
ഇളകിതുടിക്കുവാന്‍
പ്രണയം നിറച്ചൊരു
ജല പാത്ര മായ് ..
കുളിരിന്റെകൈകളാല്‍
വാരി പുണരുബോള്‍
നനു നനെപൊട്ടിത്തരിച്ചീടും ഞാന്‍
ഒരു ജലകണമായി
നിന്നിലലിഞ്ഞിടാന്‍
ഒരു മാത്ര നീയെന്നെ
അനുവദിക്കൂ .

പൂര്‍ണത

ഞാന്‍ നനഞ്ഞത്
നിന്‍റെ വിയര്‍പ്പിലോ
എന്‍റെ കണ്ണീരിലോ
നിന്‍റെ വിയര്‍പ്പില്‍ മുങ്ങി ,
എന്‍റെ കണ്ണീരില്‍ നനഞ്ഞു
പ്രണയം പങ്കിട്ട നിമിഷം
ചോര്‍ന്നുപോയത്
എന്നിലെ പവിത്രതയാണ് .
ആരുപറഞ്ഞു ഈ വിഡിത്തം
അത് പ്രകൃതിയുടെ
പൂരകമാണ്
സൃഷ്ടിയുടെ അവകാശമാണ് .
മനസിന്‍റെ ആക്നയാണ്
വികാരത്തിന്‍റെ അന്ത്യമാണ് .
നീയും ,ഞാനും ഇരുവഴിയിലേക്കിപ്പോള്‍
പിരിയുന്നു
മനസ്സില്‍ പൂര്‍ണതയോടെ
ഇരുവരും പിരിഞ്ഞകന്നു .
നിന്‍റെ വിയര്‍പ്പിന്‍റെ ഗന്ധവും ,
എന്‍റെ കണ്ണീരിന്‍റെ നനവും
പരസ്പരം മറന്നുകൊണ്ട്
പരസ്പരം മറന്നു കൊണ്ട്

തറവാട്

തറവാടിന്റെ വിശാലതക്കുള്ളിൽ
ഈറൻ മണക്കുന്ന അകമുറികളിൽ
നിറം കെട്ടു കിടന്ന സ്ത്രീ ജന്മങ്ങൾ
എല്ലാം ദൈന്യതയുടെ മുഖകാപ്പ്
ചാർത്തിയ 'ബിബങ്ങൾ
അകത്തളമെന്ന ആട്ടക്കളത്തിലെ
ജീവനുള്ള വേഷധാരിണികൾ
തറവാട്ടിലെ ഓട്ടുരുളിയിലും,
പിച്ചളചരുവത്തിലും
അവരുടെ നിസ്സംഗ മൌനം
ചോർന്നൊലിച്ചു കിടന്നു.
തേജസ്സു വറ്റിയ മുഖങ്ങൾ തേഞ്ഞു തീർന്നു
കുശ്ശിനി പുരയിൽ ആളിക്കത്തുന്ന
അടുപ്പിനു മുന്നിൽ ക്ഷീണിച്ച മേനികളുടെ
ആത്മാർപ്പണങ്ങൾ.
പ്രമാണിത്തത്തിന്‍റെ ജീര്‍ണ്ണതകളില്‍
തളം കെട്ടികിടക്കുന്നത് ഇവരുടെ കണ്ണീരാണ്
അടുക്കള വിഭവങ്ങളുടെ പലമണങ്ങളിൽ
ചിലച്ചുണരുന്ന ചട്ടുകങ്ങൾക്കുള്ളിൽ
കുരുങ്ങി പോയ ജീവിതങ്ങൾ.
പൂമുഖത്ത് നിന്നും ഒരാക്ന വഴിതെറ്റി
അകത്തേക്ക്
അകത്തുള്ളോർ കേള്ക്കുന്നുണോ
ഉച്ചയൂണിനു പത്താളുണ്ട്
രണ്ട് കൂട്ടം പായസം ആയിക്കോട്ടെ
അടുക്കളയിൽ ക്ഷീണ മേനികൾ ഏറ്റുമുട്ടാൻ തുടങ്ങി.

അക്ഷരങ്ങള്‍

മുനയോടിഞ്ഞ പെന്‍സിലിനെ
നോക്കി ഞാന്‍ കരഞ്ഞു
എഴുതാന്‍ കരുതിയ വാക്കുകള്‍
ഒടിഞ്ഞു പോയ മുനക്കൊപ്പം
കിടന്നു കരയുന്നത് ഞാന്‍ കണ്ടു
എത്ര ചെത്തി കൂര്‍പ്പിച്ചാലും
ഇനി എനിക്കാ വാക്കുകള്‍
എഴുതാന്‍ കഴിയില്ല
പുതിയ കൂര്‍പ്പിച്ച മുനയില്‍
വേറെ വാക്കുകള്‍ എഴുന്നു നിന്ന്
എന്നെ ചീത്ത വിളിച്ചു
കൊഴിഞ്ഞു പോയ മുനയില്‍
കിടന്ന്...
മൃത ലിപികള്‍ അത് കേട്ട്
കണ്ണീരൊഴുക്കി

കരയല്ലേ കിടാവേ

കരയല്ലേ കിടാവേ
കരയല്ലേ കിടാവേ 
കരയുന്ന കുഞ്ഞിനെ
കീറത്തു ണിയില്‍ കിടത്തി
കുഞ്ഞിന്‍റെ തൊണ്ട കീറി ക്കരച്ചില്‍
അവഗണിച്ച്
അടിമ വേല ചെയ്യേണ്ടിവന്ന
അധമ വര്‍ഗമായി ഒരു വര്‍ഗം
അടിമവേല ചെയ്യുന്നു
ചോര്‍ന്നൊലിക്കുന്ന മുലപാല്‍ വീണു
നനഞ്ഞ മാറിടത്തിലെ
കനക്കുന്ന മാതൃതത്തെ
അവഗണിക്കേണ്ടി വന്ന
പണിയാളത്തി പെണ്ണ്
കുപ്പായത്തില്‍ നിന്നും
കുഞ്ഞിന്‍റെ കരച്ചിലിന്‍റെ
ശക്തി ക്കൊപ്പം
ശക്തിയോടെ ചോരുന്ന മുലപ്പാല്‍
പെണ്നാല്‍ മരതണലിലേക്ക് നോക്കി
വരമ്പിലൂടെ ഉലാത്തുന്ന ചെറിയ തമ്പ്രാന്റെ
വെള്ളികെട്ടിയ ചൂരല്‍
ഉയര്‍ന്നും താഴ്ന്നും താളംകൊള്ളുന്നു
ഒപ്പം കണ്ണുകളില്‍പെണ്ണാളുടെ
ശരീര ഭാഗ ദര്‍ശന സുഖം കൊണ്ട അനുഭൂതി
ചീരിക്കരയുന്ന കരച്ചില്‍
പതുക്കെ തേങ്ങലായി
അതുകണ്ട്
അമ്മയുടെ കണ്ണീരും മുലപ്പാലും വീണു കുതിര്‍ന്ന
നെല്‍ തലപ്പുകള്‍ മൌനമായി
അവളുടെ കണ്ണീരന്നിഞ്ഞ നോട്ടം
കീറതുണിയിലേക്കായിരുന്നു
അതിനാല്‍ തമ്പ്രാന്റെ ശ്ര ന്ഗാരം കലര്‍ന്ന
നോട്ടം അവള്‍ കണ്ടില്ല
നനഞ്ഞ മാറിടത്തിലെ ചുരത്തുന്ന നൊമ്പരം ഒളിപ്പിച്ചവള്‍
അടിമ പെണ്ണായി

നീയൊരു പെണ്ണാണ്

പേറ്റുമുറിയുടെ അടഞ്ഞ വാതിലിനുള്ളില്‍
അമര്‍ത്തി പിടിച്ച വിലക്കുകള്‍ കേട്ടു 
നീയൊരു പെണ്ണാണ് ,
കീറത്തുണിയില്‍ പൊതിഞ്ഞ ചോര കുഞ്ഞിനെ
നീട്ടികൊണ്ട് പതിച്ചി പറഞ്ഞു
പെണ്ണാണ്
വാകീറികറഞ്ഞ കുഞ്ഞിനെ
നോക്കി എല്ലാവരും പറഞ്ഞു
പെണ്ണല്ലേ എന്നിട്ടും ഇങ്ങനെ
ചാടിതുടിച്ച ബാല്യത്തിലും
ആരൊക്കയൊ മുരണ്ടു .
നീയൊരു പെണ്ണാണ്
ഋ തുമതി നാളില്‍ കൂട്ടുക്കാരികള്‍
കാതില്‍ പറഞ്ഞു
നീയിപ്പോള്‍ പെണ്ണായി
ആരുകാണാതെ ഒളിപ്പിച്ച
പുസ്തക താളിലെ
ചെറുകവിത പിച്ചികീറി -
അമ്മ വിലക്കി
പെണ്ണെന്ന ബോധം വേണം
അകമുറിയില്‍ ഉറക്കെ പൊട്ടിചിരിച്ചപ്പോഴും
അട്ടഹാസത്തോടെ ആരോ വീണ്ടും മുരണ്ടു ,
പെണ്ണിന്‍റെ സ്വരം ഇനിയിവിടെ ഉയരരുത്
വാതില്‍ ചാരിനു മറവില്‍ ഒളിച്ചു വെച്ച -
ശരീരവുമായി അവള്‍ ജീവിക്കാതെ ജീവിച്ചു
വിവാഹനാളിലും അമ്മ കാതില്‍ മന്ത്രിച്ചു
എല്ലാം സഹിക്കണം പെണ്ണിന്‍റെ കടമയാന്നത്
അനിഷ്ടങ്ങളെ സഹിക്കുന്ന ,
അനീതികളെ പൊറുക്കുന്ന ,
ആത്മരോഷത്തെ അടക്കി ,
അവള്‍ ജീവിക്കാതെ ജീവിക്കുന്നു ,
ഗര്‍ഭ ഭാരത്തിലും ,
പെറ്റു നോവിലും ,
അവളാ വാക്ക് തുടര്‍ന്ന് കേട്ടു
സഹിക്കന്നം കാരണം
നീയൊരു പെണ്ണാണ്

കറുത്ത കാലം

കീഴാളന്‍ മാരുടെ കൂരക്കുള്ളില്‍ ,
നിരവധി ജനന മരണങ്ങള്‍ കടന്നുപോയി
മനാഭിമാനങ്ങള്‍ ചിതറി തെറിച്ച
ഒത്തിരി രാപകലുകള്‍ .
അമര്‍ത്തിയ നിലവിളികള്‍
ശ്വാസം മുട്ടി പിടഞ്ഞപ്പോള്‍ ,
പിഴച്ചു പെറ്റവര്‍
എന്നൊരു വര്‍ഗം ധാരാളമായി .
കറുപ്പിന്‍റെ നിറം പതുക്കെ മാറാന്‍ തുടങ്ങി .
അത് തവിട്ടു നിറത്തില്‍ നിന്നു
ഗോതമ്പ് നിറത്തിലേക്കും ,
ഇളം നിറത്തിലെക്കും കവിഞ്ഞൊഴുകി .
വെളുപ്പ്‌ നിറമാവാന്‍
തുടങ്ങിയപ്പോഴേക്കും
ചിലര്‍ക്കൊക്കെ നാവും
നാരായവും കൈവന്നു
ചവിട്ടി താഴ്ത്തലിന്റെയും
അക്രമത്തിന്റെയും എതിരെ -
ഉയര്‍ന്നുവന്ന ശബ്ദത്തില്‍ ,
തമ്പുരാക്കന്മാര്‍ പലരും മൌനമാര്‍ന്നു
കനത്തകാല്‍ വെപ്പോടെ ,
മുന്നിലേക്ക്‌ നടന്നു വരുന്ന
തന്‍റെ തന്നെ സത്വത്തെ കണ്ടു
തല്‍ സ്വരൂപങ്ങളെ കണ്ടു
പലരും ഭയ ചകിതരായി .
അടിമ കുടിലില്‍ തെറിച്ചു വീണ
തന്‍റെ ബീജത്തില്‍ നിന്നും ,
ഉയിര്‍ത്തെഴുന്നെല്‍ക്കുന്ന രൂപങ്ങള്‍
മജ്ജയും മാംസവും ,രക്തവും ചേര്‍ന്ന് ,
മനുഷ്യനെന്ന വര്‍ഗം പിറവിയെടുക്കുന്നത്‌ കണ്ടു ,
മേല്‍കോയ്മയുടെ പതനം

ചിത്രം

അവള്‍ഒറ്റയ്ക്കായിരുന്നു
വര്‍ണ്ണങ്ങളില്‍ അവള്‍ഒറ്റയ്ക്കായിരുന്നു,
ചിത്രത്തിലും അവള്‍ഒറ്റയ്ക്കായിരുന്നു.
ചിത്രകാരന്‍റെതൂലികത്തുമ്പില്‍
അവള്‍ പരിശുദ്ധയായിരുന്നു.
അയാള്‍ നിറം മുക്കിഅവള്‍ക്ക്
യവ്വനം നല്‍കി
മിഴികള്‍ക്ക് പ്രണയം നല്‍കി,
ഉടയാടകളില്‍ അല്പം അലസതയേകി
പണിപ്പു രയില്‍ നിന്നവള്‍
നഗരത്തിന്‍റെ തിരക്കിലേക്ക്
യാത്രയായപ്പോള്‍,
അവളെ പലരും നയനങ്ങളാൽ
,നഗ്നയാക്കി.നാക്കാലെ വേശ്യയാക്കി.
ജീവന്റെ ശേഷിപ്പില്ലാത്ത വിധം
അവളെ ക്രൂശിച്ചു,
നിറങ്ങള്‍ക്കുള്ളില്‍ അവള്‍ പലവുരു ,
വീണ്ടും വീണ്ടും നഗ്നയായി.
നഗരത്തിന്‍റെ കണ്ണ് ഭ്രാന്തമായ ആവേശത്താല്‍
അവളെ വ്യഭിചാരിണിയാക്കി.
അവളിപ്പോള്‍ പരിശുദ്ധയല്ല,
ചിത്രമായിരുന്നാല്‍ പോലും

പ്രണയം

ഹൃദയത്തിലാണ് ഞാനത്
സൂക്ഷിച്ചത്
മോഹം കൊണ്ടാണ് ഞാനത്
അടച്ചു വെച്ചത്
കിനാവുകൊണ്ടുള്ള
മേല്‍ക്കുപ്പായം തുന്നിയിടിവിച്ചു ,
അതിനു കുളിരുകൊണ്ടുള്ള
കിന്നരി പിടിപ്പിച്ചു
ദിവാസ്വപ്നം കൊണ്ടുള്ള ,
അലങ്കാരതൊട്ടിലില്‍
നിദ്രയുടെ പതുപതുപ്പില്‍
ഞാനതിനെ ഉറക്കി
അതിനൊരു പേരിടണ്ടേ
''പ്രണയം ''

പെണ്‍കുട്ടി

അവളുടെ മിഴിയില്‍
തുളുബാതെ നിന്ന കണ്ണീരും
അധരത്തില്‍ നിറയുന്ന
പറയാനാവാത്ത മൊഴികളും
കണ്ണില്‍ കണ്ടുമറന്ന കാഴ്ചകളും
നിറഞ്ഞു നിന്നിരുന്നു .
ഹൃദയ ത്തിന്റെ തേങ്ങലില്‍ നിന്നും
അറ്റുപോയൊരു കണ്ണീര്‍ത്തുള്ളി
അവളുടെ ഉടയാടകളില്‍
പേരറിയാത്ത ചിത്രം വരച്ചു കൊണ്ടിരുന്നു
അലസമായ് പാറുന്ന
അവളുടെ .മുടിയിഴകള്‍
അവ ളെ കുറച്ചൊക്കെ
അലൊസരപെടുത്തിയിരുന്നു
അവ്യക്തമാകാത്തൊരുസ്വപ്നത്തിന്‍റെ
അവശേഷിപ്പുകള്‍
അവളുടെ കണ്ണില്‍ കത്തിനിന്നിരുന്നു
കണ്ണീരും തേങ്ങലും കിനാവും നിറച്ച
അവളുടെ കണ്ണുകളില്‍
അനവധി നഷ്ട സ്വപ്നങ്ങള്‍
നിവര്‍ന്നു കിടന്നിരുന്നു
എന്നിട്ടും തന്റെ ഒഴുകുന്ന കണ്ണീര്‍
തുടച്ചു കളയാനോ
വിതുബുന്ന .അധരം
അമര്‍ത്തി പിടിക്കാനോ
അവള്‍ക്കായില്ല
അപ്പോഴേക്കും .....അവള്‍ .ഒരു ശിലയായി മാറിയിരുന്നു

നീയറിയാതെ

എന്‍റെ സ്നേഹത്തിന്‍റെ 
നിഴലില്‍ ആണ്
നീയിരുന്നത്
എന്‍റെ ഹൃദയത്തിലാണ്
ചാരിയിരുന്നത് നിന്‍റെ നിദ്രയെ
മുറിക്കാതിരിക്കാനാണ്
ഞാന്‍ മൌനമായത് .
നിന്‍റെ ,നിശ്വാസങ്ങള്‍
എന്നിലെ വേദനകളെ
ആറ്റി തണുപ്പിച്ചു
എന്നിട്ടും
നീയുണ ന്നപ്പോള്‍
എന്നെ തിരിഞ്ഞൊന്നു നോക്കാതെ ,,
നടന്നു മറഞ്ഞു

ഓര്‍മ്മകള്‍

നീയെന്നെ വിളിക്കരുത് 
ഞാന്‍ ഉണരും
നീയെന്നിലെ വേദനയില്‍ ,
ആശ്വസിപ്പിക്കരുത്
കാരണം
ആ വേദന
എന്‍റെ ,അവകാശമാണ് .
ഒരു സ്നേഹത്തിന്‍റെ
പ്രതിഫലം ആണത്
ആരുമത് തിരിച്ചു ചോദിക്കരുത് .
ആ വേദനയിലാണ്
ഞാന്‍ നിന്നെ കണ്ടിരുന്നത്
ആ വേദന യില്ലെങ്കില്‍
നമുക്കിടയിലെ
ഓര്‍മ്മകളും ഇല്ലാതാകും

വിദൂരം

എന്റെ നോട്ടത്തില്‍
കാണണാത്തതോക്കെയും
വിദൂര ത്തായിരുന്നു
കാണാത്ത സ്വപ്നവും
കൈവരാത്ത ഭാഗ്യവും
എല്ലാം വിദൂരത്തയിരുന്നു
കാലം ഒളിപ്പിച്ച , മോഹം മൂടിവെച്ച
സ്വപ്നം മറച്ചുവെച്ച,
ആവിദൂരം എന്റെ മനസ്സില്‍തന്നെ
ആണെന്ന തിരിച്ചറിവില്‍
ഒന്നും വിദൂരത്തല്ലെന്ന്
ഞാന്‍ തിരിച്ചറിഞ്ഞു
ഇനിയെഴുതാന്‍ വിരല്‍ തുമ്പില്‍
അക്ഷരങ്ങള്‍ ഒരുപാട് വിങ്ങി നില്‍ക്കുന്നു
ഒന്നും .ഒന്നും അതി വിദൂരത്തല്ല .
എല്ലാം എനിക്കുള്ളിലുണ്ട്

കാഴ്ചകള്‍

നിഴലുകള്‍ക്ക് മേലെ 
ഒഴുകി വീണ നിഴലില്‍ ,
തെളിയാതെ കിടന്ന -
എന്‍റെ ഭാവനയാണിത്
എന്നില്‍ നിറം മങ്ങി കിടന്ന
ഓര്‍മ്മകളാണിത്
നിറം കൊടുത്ത്
ഞാനിപ്പോള്‍ വരച്ചെടുക്കുന്നത്
ഉള്ളിലുറഞ്ഞ ചില കാഴ്ചകളാണ്
എത്ര വരച്ചാലും വീണ്ടും
അപൂര്‍ണമായി
ഇന്നും തുടരുന്ന എന്‍റെഭാവന
ഞാനിത് ചിന്തി കളയുന്നു

നിരാശ

പഴകിയ കണ്ണിലെ കേടാതൊരു 
തിരി നാളമാണ് നിരാശ 
വിശപ്പിന്‍റെ നിവൃത്തികെടില്‍
അസഹ്യമായൊരുനിശ്വാസവും
ഒതുക്കി വെച്ചൊരു കണ്ണീരും
കൂടിയിഴ ചേര്‍ന്നതാണീ
നിരാശ
ആത്മ പീഡകള്‍ സ്വയമൊതുക്കി
കുഴഞ്ഞു വീണോരാ നിമിഷത്തില്‍
ഒരു മൌനത്തിന്‍ മറവില്‍
നിന്നെപ്പോഴും
ഉറ്റു നോക്കുന്നുണ്ടെന്നെയാ -
നിരാശ

എനിക്കൊന്നു ചിരിക്കണം

എനിക്കൊന്നു ചിരിക്കണം 
തിരസ്ക്കാരത്തിന്റെ വേരില്‍ 
ഒരു പുതു നാബായി പൊടിക്കണം 
പിന്നെ തളിര്‍ക്കണം 
പൂക്കണം കായ്ക്കണം
നോബരത്തെ മറന്നിടെണം
വെറുക്കാനോരാളെതിരയണം
സ്നേഹം അവരെ പഠിപ്പിക്കണം
മോഹം വേരോടി പടര്‍ത്തിയ ചില്ലമേല്‍
പ്രണയത്താല്‍ ഊഞ്ഞാല്
കേട്ടിടെണം

കലഹം

ഇരുട്ടിന്‍റെ ഇലയനക്കം കേട്ട്
ഉറങ്ങാത്തോരാള്‍കാത്തിരുപ്പുണ്ട് 
ഒരുകാറ്റുറഞ്ഞു തുള്ളി
രാത്രിയെച്ചുട്ടെരിക്കുന്നുണ്ട്
വേവലാതികള്‍ ഉയിര്‍ത്തെഴുന്നേറ്റു
നാനാ ദിക്കിലേക്കുമോടുന്നുണ്ട്
രക്ഷയുടെ കവചമണിഞ്ഞോരാള്‍
ചുവരിലോരാണിമേല്‍ തൂങ്ങുന്നുണ്ട്
നിലവിളിയോച്ചകള്‍ ഭിത്തിയില്‍ തട്ടി
നിലത്താകെ പടരുന്നുണ്ട് ..
വിഹ്വലമായൊരു നിശ്വാസധാര
അലമുറയായോഴുകുന്നുണ്ട് ..
അകമുറികളിലിപ്പോള്‍ തേങ്ങലുകള്‍
പതിയെ പതിയെ നില്ക്കുന്നുണ്ട്

യാത്രക്കാരി

സഞ്ചാര നിമിഷങ്ങളിലേക്ക്
ചുവടു മാറിയിറങ്ങി പോയ
യാത്രക്കാരില്‍ ഒരാളാണ് ഞാന്‍
ഉള്ളിലടക്കിയ സ്ഥിത സങ്കടങ്ങള്‍ക്ക് 
നോവിന്‍റെ കടലോരുക്കി കൊടുത്തിരുന്നു
ഓരോതിരയിലും നുരയിട്ട തേങ്ങല്‍
ആറ്റികുറുക്കി പെരുക്കികൂട്ടി
ഉള്ളിന്‍റെഉള്ളിലടച്ചിട്ടുണ്ട്
വിതുബലിന്‍ ഒടാബല്‍നീക്കി പുറത്തേക്ക്
ഒരാര്‍ത്ത നാദമായ് വന്നുവോ നീ ...
പഴയ വഴികളില്‍ കരിയില കുന്നുകള്‍
നിഴലിനെ മൂടി പുതഞ്ഞിരുന്നു
ഇനിയൊരു ചുവടുവെച്ചീടുവാന്‍
വയ്യാതെ പാഴിലകളാ വഴി മൂടി മറച്ചിരുന്നു

ഓര്‍മ്മ

എന്‍റെ ഓര്‍മ്മയിലിന്നും 
ചിറകറ്റരൂഞ്ഞാല്‍ ആടുന്നുണ്ട്
ഭൂതത്തില്‍ നിന്നും ഭാവിയിലേക്ക്
ഓര്‍മ്മകള്‍ അതിനെ ആട്ടി വിടുന്നുണ്ട് .
ചിതല്‍ തിന്നു ശുഷ്കമാം ചില്ലയില്‍
ആ ഉഞ്ഞാല്നാഥ മായിന്നും ആടുന്നുണ്ട്
നേര്‍ത്തൊരു കാറ്റിന്‍റെ താളം പകര്‍ന്നത്
പ്രാണനെ തൊട്ടു തലോടുന്നുണ്ട്‌ ..
ഹൃദയത്തില്‍ ഉയരുന്ന മേള പതക്കത്തിന്‍
ലയവിന്യാസം പകര്‍ന്നതാടുന്നുണ്ട് ..
ഒരുമാത്ര തൊട്ടു തലോടുവാന്‍ നില്‍ക്കാതെ
വാനിലെക്കായതുയര്‍ന്നു പൊങ്ങി .
വര്‍ത്തമാനങ്ങളില്ലാത്ത ദിക്കിലേക്കെങ്ങത്
പൊങ്ങി പറന്നങ്ങുയര്‍ന്നുപോയി

കാത്തിരിപ്പ്

വേനലിന്‍റെ ചൂടെരിച്ചു
വെന്തുരുകിയ ശാഖകള്‍ക്ക് 
ഇനി കാത്തിരിപ്പിന്റെ കാലം
ഒരു മഴക്കാറിനെ
സ്വപനത്തിന്റെ ഇമയില്‍ പൂട്ടി
വീണ്ടുമൊരു കാത്തിരിപ്പ് .
ഒന്ന് തളിര്‍ക്കാന്‍ കൊതിപൂണ്ട്‌
ഒരുചാറ്റല്‍മഴയെ സ്വപ്നം കണ്ട്
നനയുന്ന മണ്ണില്‍ മിഴി താഴ്ത്തി
വീണ്ടുമൊരു കാത്തിരിപ്പ് .
വാനം പൊഴിച്ചിടും നീര്‍ത്തുള്ളിയില്‍
ഇടവപാതി തന്‍ കാലവര്‍ഷ ത്തിന്‍കുളിര്‍
നേര്‍ത്ത് യാത്രയാകുന്നതോര്‍ത്ത്‌
കാത്തിരിക്കുന്നു ഞാന്‍ ....
വീണ്ടുമൊരു കാത്തിരിപ്പ് ...
മഴക്കായുള്ളകാത്തിരിപ്പ്.

യാത്ര

അളന്നു തൂക്കിയെടുത്ത .
വാക്കുകള്‍ ശബ്ദമില്ലാതെ
തേങ്ങുന്ന 
ഒരുവീട്ടിലാണ് കഴിച്ചു കൂട്ടിയത്
മുപ്പതു വര്‍ഷത്തെ മൌനം
അവിടെ ഘനീഭവിച്ചു കിടപ്പുണ്ട്
കണ്ണീരിന്‍റെ ഉപ്പുണങ്ങി
കടലാഴം പോല്‍ പരന്നുകിടപ്പുണ്ട്

പാത

പിന്തുടരാന്‍ ആവാത്ത വിധം 
ആ പാദമുദ്രകളെ ഞാന്‍ തന്നെയാണ്
മായ്ച്ചു കളഞ്ഞത് .
ഇനി എന്നെ ആരും പിന്‍ തുടരരുത് .
കാരണം ,
എന്‍റെ ജീവിത വഴിയില്‍ നിറയെ
ആരോ മുള്ളുകള്‍ പാകിയിരുന്നു

നോവുപാടം

ഉള്ളില്‍ കൂട്ടിയിട്ടെരിച്ച
ദുഖത്തിന്റെ കിതപ്പിന് അതിവേഗ ധൃതി
കാതങ്ങളെവിഴുങ്ങി കൊണ്ടൊരു
പലായനം .
അകലങ്ങളിലേക്ക് പടരുന്ന
വേദനയുടെ അഗ്നി നാളങ്ങള്‍....
അതില്‍ വെന്തു വീഴുന്ന
ശലഭങ്ങള്‍ .
കത്തിയോടുങ്ങിയാലും
നീറി നീറി പുകയുന്ന
നോവിന്‍റെ അഗ്നികുണ്ഡങ്ങള്‍ ....
ഇനിയൊരു ഇളം കാറ്റ് പോലും
വീശിയടിച്ചു കെടുത്താനാകാത്ത
നോവുപാടങ്ങള്‍

പ്രണയം

ചുരുട്ടിക്കെട്ടിഎറിഞ്ഞ
ഒരു തുണ്ട് കടലാസില്‍ 
എന്‍റെപ്രണയം
ചിതലരിച്ചു കിടന്നു .
അതിലെ മധുരാക്ഷരങ്ങള്‍
അവ കാര്‍ന്നു തിന്നു .
പ്രണയം നുണഞ്ഞത്
അവരായിരുന്നു
ആ ചിതലുകള്‍ 

അനാഥ

തെരുവിലെ ഇരുട്ടില്‍ 
അമര്‍ത്തി ഒതുക്കിയ 
ഒരു കരച്ചിലില്‍
ഒരാനാഥകൂടി പിറന്നു വീണു .
ഇനി അവളുടെ
മേനിയില്‍ നിറം പിടിപ്പിക്കും വരെ
കാത്തിരിക്കുന്ന കുറെ കണ്ണുകളുണ്ട്
അവളുടെ മേനി വിളയുംമുന്‍പേ
മറ്റൊരു അനാഥക്കുകൂടി
ജന്മം കൊടുക്കാന്‍
ആവര്‍ത്തിക്കുന്ന അനാഥത്വം

യാത്ര

ചിരിക്കാന്‍ മറന്നവര്‍ക്കിടയിലേക്ക്
ഞാനും യാത്രയാവുകയാണ് 
പിന്നില്‍ അവരുണ്ട്,
മാറിടത്തിലെ ഉറവ കുടിച്ചു വറ്റിച്ച്
മേനിയിലേക്ക്‌ ഊര്‍ജ്ജം പറിച്ചെടുത്തവര്‍
അതിനു പിന്നില്‍ മറ്റൊരു മുഖമുണ്ട്
ബലിഷ്ടമായ കരങ്ങളാല്‍
ചേര്‍ത്തു പിടിക്കാന്‍ മറന്നവന്‍
തിരസ്ക്കാരത്തിന്റെ ചതുപ്പില്‍
എന്നെ ചവിട്ടി താഴത്തിയവന്‍
സിരയിലോഴുകിയ ചോരയോക്കെയും
അവര്‍ക്ക് ദാനമായി നല്‍കി
ഞാന്‍ യാത്രയാവുകയാണ്
വാരിപിടിച്ച ഈ കൈകളിലെ ശക്തി
ചോര്‍ന്നു പോയപ്പോള്‍ ,
യാത്രപോലും പറയാതെ
ഞാന്‍ ഇറങ്ങി പോകുകയാണ്

വിരഹം

എന്നോ കോറിയിട്ട അക്ഷരമാണത് 
പൂക്കാതെ നിന്ന സ്വപ്നങ്ങളിലേക്ക് 
പൊഴിഞ്ഞടര്‍ന്നു വീണ വാക്ക് .
മിഴിതുബില്‍ വന്നെത്തിനിന്ന വിരഹം .
ജന്മങ്ങള്‍ക്കപ്പുറത്ത്
വിരഹത്തിന്‍റെതേങ്ങളില്‍
ഇന്നും മുഴങ്ങുന്ന നോവിന്‍റെ
ആത്മ സ്പന്തനങ്ങള്‍ ..
വിരഹം

നഷ്ടങ്ങളിലൂടെ

യാത്രയില്‍ ചില കാഴ്ചകള്‍ 
എനിക്ക് നഷ്ടപെടാറുണ്ട്
മാഞ്ഞു പോയ മേഘങ്ങള്‍
നഷ്ടപെട്ട കാഴ്ച്ചയിലോന്നാണ്‌
പ്രണയവും എന്നിലെ ഒരു നഷ്ടമാണ്
ഒരു ജന്മത്തിന്റെ നോവുകള്‍ തുന്നികെട്ടിയ
ഓര്‍മ്മകള്‍ അതിനുള്ളില്‍ കിടന്നു
ജീര്‍ണിക്കുന്നുമുണ്ട് .
ആശ്വാസത്തിന്‍റെതുരുത്തില്‍
ചില നഷ്ടങ്ങളെ ഞാന്‍ ഒളിപ്പിച്ചിട്ടുണ്ട്
കിനാവുകള്‍ കൊണ്ടുള്ള കുപ്പായം
അതിനെ പുതപ്പിച്ചിട്ടുണ്ട്
മോഹനഷ്ടങ്ങളെ ഞാന്‍ മറവിയിലേക്ക്
ഒതുക്കി വെച്ചു,
തീരാനഷ്ടങ്ങളെ കൂടെ കൊണ്ട് നടന്നു '
ഇപ്പോള്‍എല്ലാം നഷ്ടത്തിന്‍റെപട്ടികയിലുണ്ട്

വേനല്‍

അവളിലെ വസന്തത്തിന്എന്നും
കടുത്ത വേനല്‍ ആയിരുന്നു
പൊടിച്ചു വരുന്ന നാബുകളില്‍ 
തീക്കാറ്റടിച്ചു കേറി
എല്ലാറ്റിനെയും കരിച്ചു കളയും
അവള്‍ക്ക് സ്വപ്നത്തിന്‍റെ-
ഒരു പൂമൊട്ട് പോലും
വിരിയാന്‍ കഴിഞ്ഞില്ല
അവള്‍ ഊട്ടി വളര്‍ത്തിയ മോഹങ്ങള്‍
ആ വേനലില്‍ വിണ്ടു കീറി .
ഒരിറ്റു സ്നേഹത്തിന്‍റെനീരോഴുക്കില്ലാത്ത
വെറുമൊരു തരിശുഭൂമിയുടെ
കാവല്‍ക്കാരി യാണവള്‍.
അവളുടെ വസന്തത്തിന് എന്നും
വേനല്‍ക്കാലമായിരുന്നു

മറവി

മറവി എപ്പോഴും
ഓര്‍മ്മയെമറപറ്റി നില്‍ക്കും 
ഓര്‍ത്തുവെക്കലി നുള്ളില്‍
ഒരു നിഴല്‍ പോലെഅനങ്ങും
പേര്‍ത്തിയെടുക്കുബോള്‍
പിടിതരാതൊഴിഞ്ഞു മാറും
നേര്‍ത്തൊരാ തിരശീല
വലിച്ചു കെട്ടും
വാക്കിലേക്കൊന്നെത്തി നോക്കും
നോട്ടത്തിലെക്കും പതറി വീഴും
മനസിന്‍റെ ഭിത്തിയില്‍
ചാരി നില്‍ക്കും
ഇടക്കൊന്നു വന്നു ചിരിച്ചു നില്‍ക്കും

അവള്‍ പിന്നീടെഴുതിയില്ല

ഒരു സ്വപ്നവും അവള്‍ചേര്‍ത്തു വെച്ചില്ല 
ഒരു പാട്ട് പോലും മൂളാന്‍ കൊതിച്ചില്ല 
ഒരിക്കല്‍പോലുംകാണാത്തോരാള്‍
ഒരോര്‍മ ത്തെറ്റായ് കൂട്ടുവന്നു .
ഒടുവിലവളില്‍നിന്നും
ഓര്‍ത്തുവെച്ച കവിതകളൊക്കെ
ഓടിയൊളിച്ചു
ഒരു വിരലമര്‍ത്തി എഴുതാന്‍
ഒരുവരി പോലും വിരുന്നു വന്നില്ല
ഒരിക്കലും അവള്‍ പിന്നീടെഴുതിയില്ല

വീര്‍പ്പു മുട്ടുന്നൊരു ജീവിതം

അസംഖ്യം കുരുക്കുകള്‍ക്കുള്ളില്‍
വീര്‍പ്പു മുട്ടുന്നൊരു ജീവിതം
ഒരു ചിലന്തി വലപോലെയായിരുന്നു
ആശങ്ക പെടുത്തുന്നതായിരുന്നു 
അതിലെ വലിച്ചു കെട്ടലുകള്‍
രക്ഷപെടാനോരുങ്ങുബോള്‍
മുറിവെപ്പിക്കുന്ന ഓരോ നൂലിഴകളും
രക്തം തൊട്ടുറപ്പു വരുത്തിയവയായിരുന്നു
അറ്റ് പോകാതിരിക്കാന്‍
കണ്ണീരിന്‍റെ പശപ്പു ചേര്‍ത്തിട്ടുണ്ട്
ഒരിറങ്ങിപോക്കിനായ് താപ്പും തരവും
ഓര്‍ത്ത്‌ വെക്കെണ്ടാ ,
അഴിയാകുരുക്കിന്റെനൂലിഴ
നിന്‍റെ ജീവനില്‍ കുരുങ്ങി കുരുങ്ങി കിടപ്പുണ്ട്

ജീവിത പാത

വഴി പിരിഞ്ഞു പോയ 
രണ്ടു പാതകളില്‍ 
ഏതാണ് ജീവിത പാത? .
അതറിയാന്‍ ഒരു യാത്രതുടരുകയാണ് 
ബാല്യവും ,കൌമാരവും.യവ്വനവും
ഈ വഴികളിലെ യാത്രക്കാര്‍
ആയിരുന്നു ..
ഇടക്കെവിടയോ വെച്ച്
വഴി രണ്ടായ്പിരിഞ്ഞു
ഒന്ന് ജീവിതവും
മറ്റൊന്ന് പൊരുത്തകെടും
ആയിരുന്നു .
ജീവിത വഴിയില്‍ യാത്രക്കാര്‍
കുറവായിരുന്നു ...
മറുവഴിയിലാണ് തിരക്ക്

എന്‍റെ ഡയറിയിലെ ആദ്യത്തെ പേജ്

ഈ  പേജ്  മറിക്കുന്നത് ഇരുപത്തിഅഞ്ചു   വര്‍ഷങ്ങള്‍ക്കു  മുന്പിലെക്കാണ്.
"പ്രവാസം''  ഈ വാക്ക്  എഴുതി  ഞാനീ അനുഭവത്തെ  നിസാരമാക്കുന്നില്ല .

ഒന്നര വയസ്സുക്കാരന്‍ മകന്‍റെ കുഞ്ഞു വിരല്‍ പിടിച്ചാണ് ഞാനീ പ്രവാസഭൂമിയില്‍ എത്തിയത് .ഗ്രാമത്തിലെ പച്ചപ്പില്‍ നിന്നും ,കുളിര്‍മൂടിയ മഞ്ഞില്‍ നിന്നും ആകെ പുകയുന്ന ഒരു ജൂണില്‍ ആണ് ഞാനിവിടെ എത്തിയത് .
നഗരത്തിന്‍റെ ,കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളില്‍ നിന്നും വിഭിന്നമായി ,ആകാശം മുട്ടുന്ന ക്കെട്ടിട സമുച്ചയങ്ങളുടെ ,വീര്‍പ്പുമുട്ടല്‍ ഒന്നും ഇല്ലാതെ ''റാസ്‌ .അല്‍ .ഖൈമ . ശാലീനതയോടെ വേറിട്ട്‌ നിന്നിരുന്നു ,

അന്നത്തെ എന്‍റെ മുറിയുടെ ജനവാതില്‍ കര്‍ട്ടന്‍ മാറ്റി നോക്കിയാല്‍ ഒരു അറബി സ്കൂളും ,ചെറിയ കുറച്ചു കടകളും മാത്രം .എന്‍റെ കാഴ്ച്ച യെത്തുന്നിടം ഇത്രമാത്രം ആയിരുന്നു !!!!!!

വെയിലിന്‍റെ സ്വര്‍ണവര്‍ണങ്ങള്‍ അവിടെ എവിടെ തിരഞ്ഞിട്ടും എനിക്ക് കണ്ടെത്താനായില്ല .വെയിലിനുആകെ മൂടുന്ന പൊള്ളിക്കുന്ന ദാര്‌ഷ്യം അതാണ്‌ ഞാന്‍ കണ്ടത് .ഉരുകുന്ന മരുഭൂമിയുടെ ,ചുട്ടുപൊള്ളുന്ന പ്രതലങ്ങള്‍ ,
ഇലകള്‍ക്ക് വേണ്ടത്ര ഹരിതാഭമായ നിറമില്ല ,ആകെ നിര്‍ജീവമായ പകലുകളില്‍ കത്തിഉരുകുന്ന തീചൂടില്‍ ,ശീതീകരണയന്ദ്രത്തിന്റെ കാതടപ്പിക്കുന്ന ശബ്ദകോലാഹലം കൊണ്ട് സമൃദ്ധമായ രാത്രികളും ,പകലുകളും അതാണ്‌ അന്നത്തെ എന്‍റെ ഗള്‍ഫ്‌ ജീവിതം !
അദ്ദേഹം വീട്ടുഉപകരണങ്ങള്‍ ഓരോന്നായി പരിചയപെടുത്തേണ്ടിവന്നു .
ഗ്യാസ്സ് കത്തിക്കുന്ന വിധം ,മിക്ക്സി ഉപയോഗിക്കുന്ന വിധം ,,
വാഷിംഗ് മെഷ്യനുമായി ഞാന്‍ നടത്തേണ്ട ഗുസ്തി .
ഇതിനിടയില്‍ എന്‍റെ ഒന്നര വയസുക്കാരന്‍ മകന്‍റെ ,ചെറിയ വലിയ കുസൃതികള്‍ .

എന്‍റെ ജീവിതത്തിലെ വേറിട്ട വിസ്മയം കൊണ്ട നാളുകളില്‍ ഗള്‍ഫ്‌ ജീവിതം അത്ര ആസ്വാദ്യകരമായോന്നും തോന്നിയില്ല .എനിക്കന്നു വയസ്സ് ഇരുപത് .
നിറഞ്ഞൊരു കുടുബത്തിലെ ഇളയതായി വളര്‍ന്ന തനി നാട്ടിന്‍ പുറത്തുക്കാരി ,
അമ്മിയും ,അരക്കല്ലും ,,,,പാതാള താഴ്ചയുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി കുളിച്ചും ,നനച്ചും ,വളര്‍ന്ന തനി നാട്ടിന്‍പുറത്തുക്കാരി .അന്ന് വലിയതും ,ചെറിയതും ആയ പാത്രങ്ങള്‍ മുന്നില്‍ നിരത്തി വെച്ച് പാചകകളരിയില്‍ ഞാന്‍ പകച്ചു നിന്നു .സങ്കടം ചങ്കില്‍ കടച്ചിലുള്ള വേദന പകര്‍ന്ന നാളുകള്‍ ,ഗ്യാസ് അടുപ്പിന്‍റെ ഉപയോഗം വല്യ പരിചയം ഇല്ലാത്തതിനാല്‍ പലപ്പോഴും ,ഭക്ഷണം കരിഞ്ഞും ,അടിക്കു പിടിച്ചും മാറുമായിരുന്നു .മിണ്ടുബോള്‍ ,ദ്യെഷ്യം വരുന്ന ഭര്‍ത്താവിന്‍റെ വലിയ ,ചെറിയ ശാസനയും ,മകന്‍റെ വാശികളും ,എന്‍റെ നിസ്സഹായതയും ചേര്‍ന്ന എന്‍റെ ദാമ്പത്യജീവിതം ...നിശബ്ദതയും ,സങ്കടവും ചേര്‍ന്ന് മുന്നോട്ടു നീങ്ങി !!
പുറംവെയിലില്‍ ഉരുകുന്ന പകലുകളില്‍ അകമുറിയിലെ നേര്‍ത്ത തണുപ്പില്‍
അകം നൊന്തു തന്നെ ജീവിതം തള്ളിനീക്കി .ആഴ്ചയിലൊരിക്കല്‍ അച്ഛനും ,അമ്മയും ചേര്‍ന്ന് അയക്കുന്ന കത്തുകള്‍ നിറഞ്ഞ കണ്ണീരോടെ മാത്രമേ വായിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ ,,,,,,,,,,,,,,,

ഗള്‍ഫ്‌ ജീവിതം എനിക്കത്രമാത്രം സന്തോഷമൊന്നും തന്നില്ല .പുറം കാഴ്ചകളില്ലാതെ ,,വാതിലും ,ജനലും കൊട്ടിയടച്ചു ,,അകത്തു വീട്ടു ജോലികള്‍ തീര്‍ത്ത്‌ ജീവിക്കുന്ന അനവധി വീട്ടമ്മമാരില്‍ ഒരാളായി ഞാനും മാറി ,

അതിനിടയിലേക്ക് ഒരു കുഞ്ഞു അഥിതി കൂടി വിരുന്നെത്തി ''ഇളയ മോന്‍ ''
അപ്പോള്‍ തീര്‍ത്തും ഞാന്‍ തിരക്കിലേക്ക് ആഴ്ന്നു പോയി ,വലിയ മോന്റെ പഠിപ്പ് ,,കുഞ്ഞുമോന്റെ അസുഖം ,,വാശി ,,,,''ഞാന്‍ തിരക്കിലാണ് ''
അപ്പോള്‍ വരുന്ന അച്ഛന്റെയും ,അമ്മയുടെയും കത്തുകള്‍ വായിച്ചു ഞാന്‍ കരയാറില്ലായിരുന്നു .കാരണം ഞാനപ്പോള്‍ പരിചിതയായൊരു വീട്ടമ്മയായി മാറിയിരുന്നു .!!!

ഇടക്ക് നാട്ടിലേക്കുള്ള പോക്ക് ,,,
ഞാന്‍ സ്നേഹിച്ച ജന്മനാടിന്റെ ,സമൃദ്ധമായ മഴയും ,ബന്ധു ജനങ്ങളുടെ സ്നേഹവും ,,ഹൃദ്യമായി അനുഭവിച്ച നാളുകള്‍ ,,,,തിരിച്ചു വരാനോരുങ്ങുബോള്‍ ഉള്ളില്‍ സന്തോഷ സമിശ്ര വിചാരങ്ങള്‍ ആയിരുന്നു ,മോന്‍റെ ,തീര്‍ക്കാനുള്ള വെക്കേഷന്‍ ഹോം വര്‍ക്കുകള്‍ ,
അടുക്കോടെ ഞാന്‍ സൂക്ഷിച്ച വീടിന്‍റെ അലങ്കോലഅവസ്ഥ ,,
ആകാശ സഞ്ചാര പഥത്തില്‍ അതിനാല്‍ ഞാന്‍ വലിയ വിഷണ്ണയൊന്നും ആയിരുന്നില്ല .

വീണ്ടും ,ഞാന്‍ തിരക്കില്‍ നിന്നും ,,തിരക്കിലേക്ക് ആഴന്നുപോയ്‌ കൊണ്ടിരുന്നു .എന്നെ വീണ്ടും അലിയിച്ചു കളഞ്ഞ തിരക്കുകള്‍ ,ഇപ്പോള്‍ ,,നീണ്ടു പോയ വര്‍ഷങ്ങളുടെ ,,ആദ്യ പേജുതൊട്ടു ഞാന്‍ നിവര്‍ത്തി വായിച്ചു ,
എനിക്ക് എന്താണ് സംഭവിച്ചത് ???
ഈ ജീവിതത്തിലെ പ്രവാസ നഷ്ടങ്ങള്‍ എന്തൊക്കെയായിരുന്നു ???

ഉറ്റവരുടെ അസ്സാനിദ്ധ്യം ,,
വേണ്ടപെട്ടവര്‍ക്ക്‌ നല്‍കേണ്ടിരുന്ന സ്നേഹ സംരക്ഷണം .,,
സന്തോഷം പങ്കിടേണ്ട വിവാഹ ദിനങ്ങള്‍ ,,,
അച്ഛനമ്മമാരുടെ ,,മരണം ''
അന്യമായി പോയ കുറെ നാട്ടു ചിട്ടകള്‍ ,,,എന്‍റെ നഷ്ടങ്ങള്‍ നീളുകയാണ് ,,,,,,,,,,,,,,,

എന്താണ് ഞാന്‍ നേടിയത് ?

കുടുബ ജീവിതം ,,മക്കളുടെ വിദ്യഭ്യാസം ,,മെച്ചപെട്ട ജീവിത സൌകര്യങ്ങള്‍ ,,
രാത്രിയിലും ,പകലിലും ,സ്വാതന്ത്രത്തോടെ സഞ്ചരിക്കാന്‍ കഴിയുന്ന നിരത്തുകള്‍ ,,
സുഹൃത്ത് ബന്ധങ്ങള്‍ ,,കുറച്ചു സാമ്പത്തീകം .
ഞാന്‍ വരുബോള്‍ ഉണ്ടായിരുന്ന മഴയും ,വെയിലും തണുപ്പും തന്നെയാണ് റാസ്‌ .അല്‍ ഖൈമയില്‍ ,,,മാറ്റങ്ങള്‍ ഏറെയില്ല .

ഈയിടെ ഒരു കൂട്ടുക്കാരി എന്നോടിങ്ങനെ ചോദിച്ചു .

''നാട്ടില്‍ സെറ്റില്‍ ചെയ്യാറാ യില്ലെ ?

ഇത്തവണ ഞാനൊന്ന് ചെറുതായി ഞട്ടി .

എപ്പോള്‍ എന്നെ ഉലയ്ക്കുന്ന ചോദ്യവും ഇതാണ് ,,

ഓര്‍മ്മകള്‍ മണലാര ന്യത്തിലൂടെ ,,,,വെറുതെ കുറെ ദൂരം ഓടി ,

ഞാനറിയുന്നു ''ഞാന്‍ ഈ ഗള്‍ഫ്‌ ജീവിതത്തെ എപ്പോഴോക്കയോ സ്നേഹിച്ചിരുന്നു ''

ഈ തിരിച്ചറിവാണ് ഇപ്പോഴാത്തെ എന്‍റെ ,ആശ്വാസവും ,വിസ്മയവും ,,

ഞാന്‍ എന്നോട് തന്നെ ഒരായിരം ആവര്‍ത്തി പറയുന്നു

'സ്നേഹിക്കുന്നു ഞാന്‍ '' റാക്ക് '' നിന്നെ ഏറെ ,,ഏറെ ,,

കാരണം

ഗള്‍ഫിലെ ഈ ചെറിയ വീട്ടിലാണ് ഞാന്‍ ജീവിതം എന്തെന്ന് പഠിച്ചത് .

മക്കളെ വളര്‍ത്തിയത് .

മുന്തിയ ജീവിത സൌകര്യങ്ങള്‍ ശീലിച്ചിട്ടില്ലാത്ത എന്‍റെ മുന്നില്‍ പാചകകളരി ഒരു ചോദ്യ ചിന്നം ആയിരുന്നു ,

ഒന്ന് രണ്ടു മുറികളില്‍ ജീവിതം ശുഷ്കമായിരുന്നെങ്കിലും ,,തനിച്ചു ശീലിച്ച ജീവിത പാഠങ്ങളിലൂടെ ഞാന്‍ ഈ പ്രവാസ ഭൂമിയില്‍ ഗള്‍ഫ്‌ വീട്ടമ്മയുടെ മേലങ്കി പുതച്ചു

ഇരുപത്തി എട്ടു വര്‍ഷങ്ങള്‍ പിന്നിട്ടു ,

നാട്ടിലേക്കു മടങ്ങുന്നു എന്നോര്‍ക്കെ പെട്ടെന്നൊരു നഷ്ടം വന്നെന്നെ പൊതിയുന്നു .

കാരണം ''ഇവിടെ ഞാന്‍ നട്ടു നനച്ചു വളര്‍ത്തിയ കായ്മരങ്ങള്‍ ,,ഞാവല്‍ തോട്ടം ,,,അതിനടിയില്‍ നില്‍ക്കുബോള്‍ ,ഞാന്‍ ഓര്‍ക്കാറുണ്ട് ,

നാട്ടില്‍ ഒരു മരം പോലും നടാനും ,വളര്‍ത്താനും എനിക്ക് കഴിഞ്ഞില്ല ,

കൂടുതല്‍ വര്ഷം ഞാന്‍ പിന്നിട്ടത് ഇവിടെ ആയിരുന്നല്ലോ ?

ഇതാണ് എന്നിലെ ഒരു നഷ്ട്ടം . ജന്മനാട്ടില്‍ എനിക്ക് കഴിയാതെ പോയത് ഇതൊന്നാണ് .

ഇവിടെ ഈ വീട്ടില്‍ വേരൂന്നുന്ന ഓരോ മരവും ചെടിയും ,,എന്‍റെ കൈകളുടെ സാന്ത്വനം അറിയുന്നുണ്ട് .,,,

''ഞാന്‍ സ്നേഹിക്കുന്നു പ്രവാസമെ ,,,,,നിന്നെ ,,,''

''എനിക്കും ,എന്‍റെ കുടുബത്തിനും നീതന്ന താങ്ങിനും ,തണലിനും പകരമായി ,,

ഈ മരങ്ങളും ,,പഴ മുതിരുന്ന മരതണലും ഞാന്‍ തിരിച്ചു തരുന്നു ''

ഒരുപാട് കിളികള്‍ ചേക്കേറുന്ന ഈ തണല്‍ മരം ഞാനീ പ്രവാസ തീചൂടിനു തണല്‍ ഏകാന്‍ ഇവിടെ മറന്നു വെക്കട്ടെ

ഓര്‍മ്മകുറിപ്പ്

കരിക്കട്ട കൊണ്ടാണ് 
ആ എഴുത്ത് 
ഒട്ടും ചന്തമില്ലാത്ത
ദുര്‍ബലമായ അക്ഷരങ്ങളാല്‍
ചീന കളി മണ്ണ്തേച്ച
പഴം ഭ ത്തിയിലെ
ഒരോര്‍മ്മ പെടുത്തല്‍
പൊളിഞ്ഞടര്‍ന്നചുവരില്‍
ഒരലന്കാരവുമില്ലാതെ
ആ അക്ഷരങ്ങള്‍ ഇരുണ്ടു നിന്നു
സാവിത്രി പ്രസവിച്ചു
പെണ്‍കുഞ്ഞ്
ഉത്രാടം നക്ഷത്രം
നേരം രാവിലെ ആറുമണി
അത് മാത്രം മാഞ്ഞു പോകാതെ
അവിടെ നിന്നതെന്തേ ..
ഒരോര്‍മ്മ പെടുത്തലിന്റെ
സ്മാരകമെന്നോണം
ഒരു പിറവിയുടെ
ഓര്‍മ്മ കുറിപ്പ് .

ചിതല്‍ പുറ്റുകള്‍

രഹസ്യങ്ങളുടെ കാണാ കയങ്ങളില്‍ 
അവ ജീവിച്ചിരുപ്പുണ്ട് 
ഉള്ളിലിട്ടു പുകച്ചൊരു 
മൌനം മാഞ്ഞുപോയ
കിനാവിന്‍റെഅരികുചെര്‍ന്നു
വരിവരിയായ്
ഉള്ളിടത്തില്‍ പണിതു വെച്ച
ചിതല്‍പുറ്റ്‌ തേടി നടപ്പുണ്ട്
ഓര്‍മ്മകളില്‍ ചിതലുകളുടെ
കാര്‍ന്നു തിന്നലുകള്‍
ബാക്കി വെച്ചത് വാക്കുകളിലെ
വെളിച്ചം മാത്രമായിരുന്നു

സ്വപ്നം

എപ്പോഴോക്കയോ
എനിക്കുപിന്നി ലൊരു നിഴല്‍
പതുങ്ങി നില്‍പ്പുണ്ടെന്ന് 
എനിക്ക് തോന്നിയിട്ടുണ്ട്
അപ്പോഴൊക്കെ മനസിലെക്കൊരു
തീക്കാറ്റടിച്ചു കേറും
ഉള്ളില്‍ പൂക്കാന്‍ തുടങ്ങുന്ന
സ്വപ്നങ്ങളിലേക്ക്
ചുണ്ടില്‍ വിഷം പുരട്ടിയൊരു
കരിവണ്ട് ഇരബി കയറിവരും
കിളുര്‍ക്കാന്‍ തുടങ്ങിയ
ഇതളുകളലോരോന്നായി
അത്കരിച്ചു കളയും
വാടിതളര്‍ന്നൊരു സ്വപ്നം
തൊണ്ടയില്‍ കുരുങ്ങി
എന്നിലെ ഓരോ സ്വപ്നങ്ങളും
അപ്പോഴേക്കും ..
കൊഴിഞ്ഞു പോയിരിക്കും

ദുര്‍ബലത

പ്രതികരിക്കാനാവാത്തൊരു
ദുര്‍ബലത 
പഴകിയൊരു ആഭരണം പോലെ
യാന്ത്രീകതയുടെ മൌനംപുതച്ച്
അവളെ4 പുണര്‍ന്നു കിടന്നിരുന്നു
അവളുടെ ഓരോ നിശ്വാസവും
ഉറഞ്ഞു പോയ നിലവിളി യുടെ
ചുവടു മാറ്റങ്ങളായിരുന്നു
ഒരാര്‍ത്ത നാദത്തിന്റെ
പെരുബറകൊട്ടില്‍താളം പിഴച്ചുപോയ
തേങ്ങലിലേക്ക് പലപ്പോഴുംഅവളാ -
നോവിനെ ഒതുക്കിവെച്ചു .
പെണ്ണിന് എപ്പോഴാണ്
പ്രാചീനമായൊരു ദുഃഖം
തീറെഴുതി കൊടുത്തത് എന്നറിയാതെ
അവള്‍ ഉള്ളില്‍ ഒത്തിരി
നെരിപ്പോടുകള്‍ ഊതി ഉണര്‍ത്തി .
കൂടുവിട്ടുണര്‍ന്ന തീ നാളങ്ങള്‍
അവളിലെ ആദിയെ വീണ്ടും
തീ പിടിപ്പിച്ചു
അവളെ പൊതിഞ്ഞു നിന്ന
ദുര്‍ബലത ഓരോന്നായി ആ തീയിലേക്ക്
ഊരിയെരിയണമെന്നവള്‍ക്ക്
തോന്നാതെയല്ല
അവള്‍ ഒന്നുമില്ലായ്മയുടെ
നഗ്നതയില്‍ മുഖം പൂഴ്ത്തി വെച്ച്
പെണ്ണിന്‍റെപട്ടികയില്‍ എത്രാമാത്തെയോ
നാമം ആക്കാന്‍ വിധിക്കപെട്ടവള്‍
ആണെന്നുള്ളില്‍ ഉറപ്പിച്ചു

വിധേയ

നനഞ്ഞൊരു തുണിക്കെട്ട് പോലെ ,
തറയിലേക്കു വലിച്ചെറിഞ്ഞ
അവളുടെ ശരീരം .
പൊട്ടിയൊലിക്കുന്ന നെറ്റിതടത്തിൽ
വാർന്നു വീണ ചോരത്തുള്ളിയിൽ
ചതഞ്ഞു തിണർത്ത ചോരപ്പാടിൽ
ഭാര്യയുടെ വിധേയത്തം
അവൾക്കു പാലിക്കപെടണ മായിരുന്നു .
അഴിഞ്ഞു പോയ ചെലത്തുംബ് ,
അരയിലേക്ക് തിരുകി ,,
ചോരപാടുകൾ തുടച്ച് ,
അവൾ അടുപ്പിലേക്ക്
തീ പകര്ന്നു ,,
ആഘോഷങ്ങളുടെ ആളലുകൾ
അടങ്ങിയ ആശ്വാസത്തിൽ ..
തളർന്നുറങ്ങുന്ന ,
സ്വ പുരുഷന്റെ ,കൈതരിപ്പിന്റെ ,
അടയാളം മറന്നവൾ
ആഹാരം ആറ്റി തണുപ്പിച്ചു

മുത്തശ്ശി

ഇച്ചിരി വഴി മാറൂ കുട്ട്യേ 
ആയമ്മ ധൃതിയാലെ ,
കയ്യിലെ ചങ്ങല വട്ട .
തമരയിതൽ കൊത്തിയ
മച്ചിൽ തൂക്കി
ഇരുട്ടിന്റെ ചതുപ്പിൽ
മുഖം പൂഴ്ത്തിയുറങ്ങുന്ന
വെളിച്ചത്തിന്റെ മധുര പ്രതികാരം
മുളപൊട്ടി പരന്നു ചിതറി .
അവർ തന്റെ
വാർദ്ധക്യം ഞൊറി ഞ്ഞ -
വിരൽനീട്ടി എണ്ണ തിരിയാൽ ,
വെളിച്ചത്തിന്റെ ലോകം
തുറന്നുതന്നു
പിന്നെ പകുത്തെടുത്ത
ഗ്രന്ഥത്തിന്റെ വിശ്വാസ ധ്വനിയാൽ
ഉണർവ്വ് പകർന്നു .
ശ്ലോക പദങ്ങൾ ഇടനാഴികയിൽ
ഇടറി വീണു കൊണ്ടിരുന്നു .
ആ സന്ധ്യയുടെ അകകാമ്പി ലേക്ക്
വീണു പരക്കുന്ന
ദൃഡ ഭക്തി
അവരെന്റെ മുത്തശ്ശിയായിരുന്നു

പിരിയുകയല്ലേ

തുടർച്ചയായെരിയുന്നൊരു 
ചിതയായി ജീവിതം
എരി ഞ്ഞു കത്തുമ്പോൾ
അതിനകത്തെ ദുരന്തങ്ങളും
ബന്ധങ്ങളിലെ വിള്ളലുകളും ,
നിരന്തരം മതിൽക്കെട്ട് തീർക്കുന്നു .
പൊരുത്തക്കേടിന്റെ
ചതവ് നിറഞ്ഞ പരിക്കുകൾ ..
മനസ്സിലൂടെ പാഞ്ഞു പറക്കുന്ന
വിദ്വേഷത്തിന്റെ കടവാവ്വലുകൾ
സമനില തെറ്റിയ വാക്പയറ്റിൽ
ആത്മാവിനേറ്റ് പൊള്ളലുകൾ
പകയുടെ അധിനിവേശം പൂണ്ട്
എപ്പോഴും തോല്പ്പിക്കപെടുന്ന
മനസ്സിൽ ജീവിതത്തിനിവിടെ,
പ്രാണവായുവില്ലാതെ പിടയുന്നു

ഗ്രാമം

പകുക്കപെട്ട രാപകലുകളിൽ ഗ്രാമം 
കൈതപൂവിന്റെയും
,പാലപൂവിന്റെയും
സുഗന്ധം പൂശി നിന്നു .
എപ്പോഴോ ഗ്രാമത്തിലെ
ശാന്തിയിലേക്ക് ,
വഴിതെറ്റിഎത്തിയ '
'നടപ്പ് ദീനം മാത്രമാണ് ,
അവിടെ ശാന്തിയുടെ
വെളിച്ചം കെടുത്തിയിരുന്നത് .
വെറ്റില നീരിൽ കുതിര്ത്ത
നാട്ടുമരുന്നുകളും ,
നിഴലിൽ ഉണക്കിയെടുത്ത ഗുളികകളും ,
ഓര്മ്മകളിലെ ബാലാരിഷ്ടതകളായി .
പനംപായിൽ പൊതിഞ്ഞെടുത്ത ജഡങ്ങൾ
നാട്ടുവഴികളിലെ നൈർമല്യത്തെ ,
അലോസരപെടുത്തി .
വീണ്ടും ഉണ്മെഷത്തിന്റെ അല ന്ജോറിഞ്ഞു ,
കൈതകൾ പൂക്കുകയും ,,
കറുകകൽ നാബിടുകയും ചെയ്തു .
''ഞാനും ജീവിതത്തിന്റെ
പുതുലോകം തേടി .
ഇന്നിലേക്ക്‌ മടങ്ങിയെത്തി
തിരിഞ്ഞു നോക്കുമ്പോൾ ,
കുത്തികുറിക്കാൻ ഈ വരികൾ മാത്രം
ബാക്കിയായി

രോഷം

കൂരിരുട്ടിലൂടെ 
കടവാവലുകള്‍
കൂട്ടം കൂട്ടമായി
എന്റെ മനസ്സിലേക്ക്
ചേക്കേറുബോള്‍
തൂലിക തുമ്പ് കടലാസില്‍
അമര്‍ത്തി പകയുടെ വിഷം
ചുരത്തിഞാനെഴുതും
അപ്പോള്‍ രൂപപെടുന്നത്
കവിതയല്ല
മനസ്സിനെ കടന്നാക്രമിക്കുന്ന
നീരാളി പിടുത്തത്തില്‍
നിന്നുള്ള മോചനമാണ്
അത് അക്ഷര പിറവിയാകുന്നെന്നുമാത്രം .
ചില ഗതികെടുകളെ ചൂഷണം
ചെയ്യുന്നവര്‍ക്കുള്ള താക്കീത്

മൊഴി

കേട്ടത് കേള്‍ക്കാനാണ്‌ ചിലര്‍ 
കാതോര്‍ക്കുന്നത്
പറഞ്ഞു പറഞ്ഞു തേഞ്ഞു പോയ
വാക്കുകള്‍ക്കുള്ളില്‍
പ്രാസം വഴിതെറ്റി അലഞ്ഞു .
വാക്കുകള്‍ മോചനം തേടി
ഒരു പരിത്യാഗത്തിന്
ഒരുങ്ങി തുടങ്ങിയിട്ടും
മൊഴിയുടെ വിധേയത്തം
അടിമയെപോള്‍ കിതച്ചു മരിക്കുന്നു

വിലാസം

മത വിലാസങ്ങള്‍ എഴുതിയ 
ഒരു തൂക്കുപലക 
നിങ്ങളില്‍ ആരുടെയൊക്കയോ
കഴുത്തില്‍ തൂങ്ങുന്നുണ്ട് .
.ഈ മുദ്രണങ്ങള്‍
ചിലര്‍ക്ക് ഗതികേടിന്റെ
വക്കുപൊട്ടിയ ഭിക്ഷാ പാത്രം
ആയിരുന്നു
ചിലര്‍ക്ക് അരുതായ്കകളുടെ
പൊള്ളി പടരുന്ന കാലത്തീയ്യും ..
ശുദ്ധി നഷ്ടമായവരുടെ ,
ചാട്ടവാറിന്റെ ചൂടും നീറ്റലും
കൊണ്ട് തിണര്‍പ്പോടെ എഴുതിയ
മത വിലാസങ്ങള്‍ .
ഇപ്പോളും കൊണ്ട് നടക്കുന്നവരുണ്ട്

വീട് ഉറങ്ങുകയാണ്

വിടപറയുന്ന വര്‍ത്തമാനങ്ങള്‍ ,
ഒളിപ്പിച്ചു വെച്ച്,
ഉറക്കെ ചിരിക്കാന്‍ മടിച്ച്
വീടുറങ്ങുകയാണ്
നിഴലില്‍ നിന്നും
പെറുക്കിയെടുത്ത
സ്വപ്നങ്ങളുടെ
ചിതല്‍ പുറ്റുകള്‍
മൂടി വെച്ച്
വാതിലുകള്‍ ചേര്‍ത്തടച്ച്‌
നിശ്വാസങ്ങളെ പോലും
തടവിലാക്കി
വീടുറങ്ങുകയാണ്
പുകയാന്‍ മറന്ന അടുപ്പുകളെ പോല്‍
മനസ്സോതുക്കിവെച്ചു
വീടുറ ങ്ങുകയാണ്.

നിദ്രയുടെ മറവ്

നിദ്രയുടെ നിഴലുകൾ
കീറി മുറിച്ചപ്പോൾ ..
സ്വപ്നത്തിന്റെ
അവസാന ശേഷിപ്പിന്റെ
അടയാളങ്ങൾ കണ്ടെത്തി .
നോവിന്റെ വിണ്ടുകീറിയ
അനവധി പാടുകൾ .
സ്നേഹം കൊണ്ട് തളിര്ത്തും ,
പിന്നെ ,തിണർത്തും പിന്നെ മറന്നും
മറഞ്ഞുപോയ അടയാളങ്ങൾ
അതിനുള്ളിൽ സത്യത്തിന്റെ
വീർപ്പുമുട്ടൽ മുഖം അമര്ത്തി
വിതുബുന്നു ''
നിദ്ര ഇപ്പോൾ
ഒളിക്കാൻ ഇടം തേടി
കണ്‍പീലിയുടെ അകത്തേക്ക്
ഊളിയിട്ടിറങ്ങി മറഞ്ഞു

പ്രണയം

ഹൃദയത്തിലാണ് ഞാനത് 
സൂക്ഷിച്ചത് ,
മോഹം കൊണ്ടാണ
ഞാനത് അടച്ചു വെച്ചത് ,
കിനാവുകൊണ്ടുള്ള
മേല്‍ക്കുപ്പായം തുന്നിയിടിവിച്ചു ,
അതിനു കുളിരുകൊണ്ടുള്ള
കിന്നരി പിടിപ്പിച്ചു ,
ദിവാസ്വപ്നം കൊണ്ടുള്ള ,
അലങ്കാരതൊട്ടിലില്‍
നിദ്രയുടെ പതുപതുപ്പില്‍
ഞാനതിനെ ഉറക്കി ,
അതിനൊരു പേരിടണം
പ്രണയം .

ചിത്രം

ചരമാവരണം ഇട്ടൊരു ചിത്രം
എന്റെ തറവാട്ടു ചുവരിലുണ്ട് ..
വാമൊഴിയിലൂടെ പരിചിതമാക്കിയ ,
ഒരു കാലഘട്ടത്തിന്റെ 'ശേഷിപ്പിൻ മുഖം
ചുമരിലെ വായൂസൂത്രത്തിലൂടെ ,
അരിച്ചിറങ്ങുന്ന പ്രകാശത്തിന്റെ
കാവല്ക്കാരനായ ആ ചിത്രത്തിനിനി
പറയാൻ കഥയില്ലെന്നു തോന്നുന്നു .
പണ്ടത്തെ പ്രസരിപ്പിന്റെ വന്യതയും
ഗാഭീര്യവും ആ ചിത്രത്തിൽ നിന്നും
ചോര്ന്നു പോയിരിക്കുന്നു ..
പരിചയമില്ലാത്ത പല മുഖം കണ്ടു ,
ആ ചിത്രവും ഇ പ്പോൾ മിഴി താഴ്ത്തി യാതാവാം .
പ്രകാശ രേഖകള്ക്ക് വിശ്രമിക്കാൻ മാത്രം
ആ ചിത്രം ''അന്യനായി തൂങ്ങി കിടക്കുന്നു

ചിത്രമായിരുന്നാല്‍ പോലും

വര്‍ണ്ണങ്ങളില്‍ അവള്‍ഒറ്റയ്ക്കായിരുന്നു,
ചിത്രത്തിലും അവള്‍ഒറ്റയ്ക്കായിരുന്നു.
ചിത്രകാരന്‍റെതൂലികത്തുമ്പില്‍
അവള്‍ പരിശുദ്ധയായിരുന്നു.
അയാള്‍ നിറം മുക്കിഅവള്‍ക്ക്
യവ്വനം നല്‍കി
മിഴികള്‍ക്ക് പ്രണയം നല്‍കി,
ഉടയാടകളില്‍ അല്പം അലസതയേകി
.പണിപ്പു രയില്‍ നിന്നവള്‍
നഗരത്തിന്‍റെ തിരക്കിലേക്ക്
യാത്രയായപ്പോള്‍,
അവളെ പലരും നയനങ്ങളാൽ
,നഗ്നയാക്കി.നാക്കാലെ വേശ്യയാക്കി.
ജീവന്റെ ശേഷിപ്പില്ലാത്ത വിധം
അവളെ ക്രൂശിച്ചു,
നിറങ്ങള്‍ക്കുള്ളില്‍ അവള്‍ പലവുരു ,
വീണ്ടും വീണ്ടും നഗ്നയായി.
നഗരത്തിന്‍റെ കണ്ണ് ഭ്രാന്തമായ ആവേശത്താല്‍
അവളെ വ്യഭിചാരിണിയാക്കി.
അവളിപ്പോള്‍ പരിശുദ്ധയല്ല,
"ചിത്രമായിരുന്നാല്‍ പോലും"

ദശകങ്ങൽ ക്ക് മുൻപ്

പിറന്ന വീടൊരു
ഹ്രസ്വ താവളമെന്നറിയാതെ
ബാല്യ കൌമാരങ്ങൾ എന്നിൽ 
അലങ്കാര കൊലുസിട്ട്
കടന്നുപോയി .
ഇപ്പോഴിതാ സ്മൃതിയുടെ
ചെറു പഴുതിലൂടെ
കടന്നെത്തുന്ന ഓർമ്മകളെ
ഞാനോരോന്നായ്
അടർത്തിയെടുക്കുകയാണ് .
ഒരിട മനസ്സിൽ നിന്നൊരു
ചെറു കതക്‌ പകുത്തുമാറ്റി
ശൈത്യമുറഞ്ഞൊരു കാറ്റ്
പുറത്തെക്കാഞ്ഞു വീശി .
അത് ഭൂതകാലത്തിലേക്ക്
വഴിതുറന്നു
അവിടെ എനിക്കൊരു
ജീവിതമുണ്ടായിരുന്നു .
ചീന ഭരണിയിൽ തേനിൽ കുതിര്ത്ത
നെല്ലിക്കയും
കലഹം കൂട്ടുന്ന ഓട്ടു പാത്രങ്ങളും
എന്റെ ജീവിതത്തോടോട്ടി നിന്നിരുന്നു.
മഞ്ഞൾച്ഛവിയിൽ നെടുവീർപ്പിടുന്ന
ഈരഴതോർത്തിൽലെ
കാച്ചെണ്ണയുടെകാറ മണവും
കൌമാരത്തിന്റെ സങ്കീര്ത്തന മായിരുന്നു .